Thursday, November 13, 2008

ജോണ്‍സി: നാം പഠിക്കാത്ത പാഠം




ക്രിസ്മസ് അവധിക്ക് നാട്ടിലെത്തുമ്പോള്‍ നേരില്‍ക്കണ്ട് സമയംപോലെ സംസാരിക്കാമല്ലോ എന്നു കരുതി പല കോളേജ് സന്ദര്‍ശനങ്ങളിലും നീട്ടിവച്ച യാത്രയായിരുന്നു അത്. ഒടുവില്‍ പ്രതീക്ഷിക്കാതെ ഒരു ദിവസം - അന്നും നാട്ടിലായിരുന്നു - ജോണ്‍സിമാഷ് മടങ്ങിയപ്പോള്‍ ഉള്ള്‍ നിറഞ്ഞ് കത്തുകയായിരുന്നു. കോളേജിന് വാരകള്‍ക്കുള്ളിലാണ് ജോണ്‍സി ഒടുവില്‍ താമസിച്ചതെന്നറിഞ്ഞപ്പോള്‍ ചുടുകയായിരുന്നു. ജോണ്‍സി മരണമുഖത്തും പ്രസാദംകൊണ്ടുകൊണ്ടു കിടന്നു. പയ്യാമ്പലത്തെ ചുടുകാടുവരെ പിന്തുടര്‍ന്നിട്ടും എന്റെ തീ ശമിച്ചില്ല. ഒരുപക്ഷേ അദ്ദേഹത്തെ കാണാന്‍കഴിഞ്ഞിരുന്നുവെങ്കില്‍ എനിക്കീ തീ വെളിച്ചംചൂണ്ടുകയില്ലെന്ന് ഞാന്‍ തീരിച്ചറിയുന്നു.
    മാഷെ കാര്യമായി അറിയുന്നത് കോളേജുപറ്റിയതിനു ശേഷം മാത്രമാണ്. പഴയ ജന്തുശാസ്ത്രപ്രൊഫസറെപ്പറ്റിയുള്ള കേള്‍വികളുടെ നനവ് മനസ്സിലെ ചെറിയ കാടിനെ വരണ്ട കോളെജ്‌അന്തരീക്ഷത്തിലും നിലനിര്‍ത്തി. പുസ്തകങ്ങള്‍ വായിച്ചു;‘എന്റെ ഇഷ്മായെലും’ ‘ഒറ്റ വൈക്കോല്‍ വിപ്ലവ’വും വായിച്ചു. ‘മൈന’യുടെ പഴയ ചില ലക്കങ്ങള്‍ വായിക്കാന്‍കഴിഞ്ഞപ്പോള്‍ പരിസ്ഥിതിക്കുവേണ്ടി ആത്മാര്‍ഥമായ ഒറ്റയാന്‍സമരം തുടങ്ങിയ മാഷെക്കുറിച്ച് ബഹുമാനം പോരാതെവന്നു. അങ്ങ് തെക്കെ സൈലന്റ്വാലിക്കുവേണ്ടി ഇങ്ങ് വടക്കുനിന്ന്  ജാഥനയിച്ച ഒറ്റയാന്‍‍. മാഷെ ആദ്യമായും അവസാനമായും കാണുന്നത് ജന്തുശാസ്ത്രവിഭാഗത്തിന്റെ വക നടന്ന സെമിനാറില്‍വച്ചാണ്, ദൂരെ. മാഷുടെ സംഭാഷണം മുഴുവന്‍ ഞാന്‍ നഷ്ടപ്പെടുത്തി. ഇന്നു ഞാന്‍ ഖേദിക്കുന്നു.

    ഈ ഒക്റ്റോബര്‍ 11ന് പുലര്‍ച്ചെ മരിക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പുവരെ തന്റെ ആശയങ്ങള്‍ പങ്കുവെക്കുകയെന്ന രാഷ്ട്രീയപ്രവര്‍ത്തനത്തിലായിരുന്നു അദ്ദേഹം. ‘ചെറിയ ഗ്രൂപ്പുകളുമായി സംവദിക്കാന്‍ എനിക്ക് പ്രയാസമില്ല’ എന്ന് മാതൃഭൂമിയില്‍ താഹ നടത്തിയ അഭിമുഖത്തില്‍ പറയുന്നു(2005 നവം.13). താഹതന്നെ ‘അദ്ദേഹത്തിന്റെ പില്‍ക്കാലത്തുണ്ടായ എല്ലാ ആശയങ്ങളോടും വിയോജിപ്പ്  രേഖപ്പെടുത്തുമ്പോഴും ആദ്യകാലസംരംഭങ്ങളെ തള്ളിപ്പറയാന്‍ സധിക്കില്ല’ എന്ന് അനുസ്മരിക്കുന്നു.
    മരിക്കുന്നതിന് ഒരാഴ്ചമുന്‍പ് തന്റെ കോളേജില്‍ നിന്നുള്ള കുട്ടികളോട്  അരമണിക്കൂറിലേറെ സംവദിച്ചു അദ്ദേഹം, കേശവതീരം ആയുര്‍വേദഗ്രാമത്തില്‍ വിശ്രമജീവിതത്തിലായിരുന്നപ്പോഴും. ‘അറിയാന്‍ ആവുന്നത്രയും കാര്യങ്ങള്‍ അറിഞ്ഞ് ഞാനിവിടെ ശേഖരിച്ചുവെക്കും, ജീവിക്കുന്നത്രയും കാ‍ലം. ആവശ്യക്കാ‍ര്‍ക്ക് അതു വന്നെടുക്കാം.’ -2006 പയ്യന്നൂര്‍ കോളേജ് മാഗസിനോട് അദ്ദേഹം പറഞ്ഞതാണ്.
    പ്രതീക്ഷിക്കാതെ കേള്‍ക്കുന്ന മറ്റൊരു മരണവാര്‍ത്ത വിജയന്‍ മാഷിന്റെയായിരുന്നു. പ്രസംഗവേദിയിലായിരുന്നു ആ മരണം.കാണല്‍ വീടാഞ്ഞ മറ്റൊരു കടം(/മ). മുന്നിലിപ്പോള്‍ രണ്ടു വഴികളുണ്ട് -ഇല്ല, രണ്ടും ഒരേ വഴിയാണ്. യാത്ര ദുര്‍ഘടം.
    ഇത് ഓര്‍മക്കുറിപ്പല്ല, ചുട്ടെഴുത്തു മാത്രം.
    ഓര്‍മക്കുറിപ്പുകളും ചുട്ടെഴുത്തും അവസാനിക്കും.തനിക്കുവേണ്ടി പണിയാന്‍ പോകുന്ന സ്മാ‍രകങ്ങളെ അദ്ദേഹം മുന്‍കൂട്ടി എതിര്‍ത്തു.മഹാമനുഷ്യര്‍ ഇങ്ങനെ മരിച്ച ശിലയായും വിഗ്രഹമായും തീരണമെന്നാണ് മനുഷ്യര്‍ വിധിക്കുന്നത്! പ്രസാദം മാസികയുടെ ഒടുവിലത്തെ ലക്കത്തില്‍ അദ്ദേഹം എഴുതി:
    പ്രസാദം ഞാന്‍ നിര്‍ത്തുകയാണ്. എന്റെ ശരീരസ്ഥിതി അത്ര നന്നല്ല. പ്രസാദം ഞാന്‍ ആര്‍ക്കും കൈമാറുകയില്ല. അത് മഹാ‌അപരാധമായിരിക്കുമെന്ന് പൂര്‍വകാലാനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചു. എന്റെ എല്ല കൃതികളും സുരക്ഷിതമായ സ്ഥലത്തുണ്ട്. എങ്കിലും പുസ്തകങ്ങളെ ആശ്രയിക്കരുതേ! പ്രകൃതിയെ ആശ്രയിക്കുക. നിങ്ങളുടെ മനസ്സ് വഴികാട്ടിത്തരും. ഞാന്‍ പോയാല്‍ ചടങ്ങുകളും ആചാരങ്ങളും ചരമപ്രസംഗങ്ങളും ഒഴിവാക്കണം. ഞാന്‍ വിത്തിട്ടു പോകാന്‍ ഒരുങ്ങുന്നു. തുടര്‍ന്നു വിതക്കേണ്ടത് എന്റെ പ്രിയപ്പെട്ടവരായ നിങ്ങളുടെ ചുമതലയാണ്. ആരും രക്ഷിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കേണ്ട. നിങ്ങള്‍ തന്നെയാണ് രക്ഷകര്‍. നമ്മുടെ ഇക്കോസ്പിരിച്വാലിറ്റിസന്ദേശം മറ്റുള്ളവരുമായി പങ്കുവെക്കുക. സമയം തീരുന്നു. നല്ലതു വരട്ടെ.
    ജോണ്‍സിയുടെ ജീവിതവും മരണവും ആരും ആഘോഷിച്ചില്ല. പ്രകൃതിക്കുമാത്രം അറിയുന്നു അയാളെ. അറിയാത്തവര്‍ ചില്ലറ വിവാദങ്ങള്‍ക്കും മുതിര്‍ന്നു. അദ്ദേഹം തുടങ്ങിവെച്ച പരിസ്ഥിതിചിന്ത ഇന്ന്  ഔപചാരികതകളിലേക്കും വ്യക്തിതാല്പര്യങ്ങളിലേക്കും വലിയ തോതില്‍ പരിണമിച്ചിരിക്കുന്നു. നമുക്ക് നഷ്ടപ്പെട്ടുപോകുന്ന പരിസ്ഥിതിയെക്കുറിച്ച് ഗൌരവപൂര്‍വം ചിന്തിക്കാനും മനുഷ്യനിലനില്പിനുവേണ്ടി നിരന്തരം പ്രവര്‍ത്തിക്കാ‍നും നാം പുനസ്സന്നദ്ധ‍രാകേണ്ട ആവശ്യവും ആവേശവും ആയിത്തീരുകയാണ് വേണ്ടത് ഈ സന്ദര്‍ഭം. അതാണ് അദ്ദേഹത്തിന്റെ ആദ്യന്ത്യസന്ദേശം. ഇതൊക്കെ പരിസ്ഥിതിപ്രവര്‍ത്തകര്‍ എന്ന വിഹിതവര്‍ഗത്തിനെ ഏല്പിക്കുന്നവരാണ് ആ‍രാധകരെ സൃഷ്ടിക്കുന്നത് എന്നോര്‍ക്കണം. ഒരു വ്യക്തിക്ക് എന്തു സാധിക്കും എന്നാണ്. തനിക്കും തന്റെ പരമ്പരയ്ക്കും സുരക്ഷിതമായിക്കഴിയണമെന്ന ദൂരവീക്ഷണമുള്ള സ്വാര്‍ഥത മാത്രം മതി. അന്യദാ,ലോകത്തിനുനടുവില്‍ ഭൂമി ഒരു സ്മാരകശിലയായി അവശേഷിക്കാന്‍ അധികമൊന്നും വേണ്ട. അതില്‍ ജീവിതവും മരണവും രേഖപ്പെടുത്താന്‍ ആരും കാണില്ല എന്നു മാത്രം.
   

0 Comments: