Sunday, October 26, 2008

ഭാരതത്തിന്റെ വിശുദ്ധയും പോപ്പിന്റെ അജണ്ടയും

അല്‍ഫോണ്‍സാമ്മ വിശുദ്ധയാ‍യി. ഇന്ത്യയില്‍നിന്ന് ആദ്യമാണ് ഒരു വ്യക്തി വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്. ലോകമെങ്ങും പ്രചാരമുള്ള ഒരു മതം;അതിനെ കണ്ണിളക്കങ്ങളാലും വാക്കുകളാലും നിയന്ത്രിക്കുന്ന പാപ്പ ഒരു മധ്യസ്തയെ നിര്‍ദ്ദേശിക്കുന്നു;വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന നാമകരണച്ചടങ്ങുകള്‍ക്കും തുടര്‍ച്ചയായ പ്രൊമോഷനുകള്‍ക്കും ശേഷമാണ് അല്‍ഫോണ്‍സാമ്മ വിശുദ്ധയാകുന്നത്.- വാര്‍ത്താപ്രാധാന്യമുള്ളതുതന്നെ.
പത്രങ്ങള്‍ വേണ്ടവിധം ആഘോഷിച്ചു. മുന്‍പേജ് ഫുള്‍സ്കാപ്പും അല്‍ഫോണ്‍സാമ്മയ്ക്കുവേണ്ടി;ഇടയ്ക്കും നടുക്കും സുവിശേഷങ്ങള്‍-വീണ്ടും, പ്രത്യേകപതിപ്പുകള്‍-നാടെങ്ങും ഉത്സവം. കുടമാളൂര്‍പ്പള്ളിയിലും ഉത്സവം. ഭരണങ്ങാനത്ത് ഉത്സവം. കുടമാളുരിലെ നേരില്‍ക്കാഴ്ച പറയാനാവുന്നില്ല.
ലോകമാനമുള്ള ക്രിസ്തീയരെ വിശ്വാസത്തിലേക്ക് കൂടുതല്‍ പിടിച്ചുനിര്‍ത്തുകയും വിശ്വാസികളെ മതബോധം എന്ന, മതഭരണകൂടത്തിന്റെ വരുതിയില്‍ കൊണ്ടുവരികയുംചെയ്യുക എന്ന പോപ്പിന്റെ അജണ്ടയാണ് ഇതിനുപിന്നില്‍. അതിലൂടെ ഒരു രാജ്യത്തിന്റെ ജനാധിപത്യത്തില്‍ സൂക്ഷ്മമായ അധീശത്വംസ്ഥാപിക്കുകയും. മാധ്യമങ്ങള്‍ക്കുവേണ്ടിയിരുന്നത് സര്‍ക്കുലേഷനും.
അല്‍ഫോണ്‍സാമ്മ വ്യക്തിജീവിതത്തില്‍ ഏറെ ത്യാഗം സഹിക്കാന്‍ സന്നദ്ധയായ വ്യക്തിയാണ്. രോഗം കാര്‍ന്നെടുക്കുമ്പോഴും ഇച്ഛാശക്തികോണ്ട് നേരിട്ട വ്യക്തി; പ്രലോഭനങ്ങള്‍ക്ക് വഴങ്ങാത്തവള്‍. ലോകനന്മയ്ക്കുവേണ്ടി അവര്‍ നിരന്തരം ദൈവത്തോട് പ്രാര്‍ഥിച്ചു - ഇതാണ് അല്‍ഫോണ്‍സാമ്മ. ആത്മീയതയുടെ ഏകാന്തലോകത്തിരുന്ന അല്‍ഫോണ്‍സാമ്മയില്‍നിന്ന് തികച്ചും വ്യത്യസ്തയാണ് ആതുരര്‍ക്കായി ജീവിതം നീക്കിവച്ച മദര്‍ തെരേസ. പാവം മദര്‍ വിശുദ്ധയ്ക്കു താഴെ വാഴ്ത്തപ്പെട്ടവള്‍ മാത്രമാണ്. കാരണമെന്താണ്?
വിശ്വാസത്തിനുവേണ്ടി ജീവന്‍ ബലിനല്‍കിയവരെയാണ് നാമകരണത്തിന് തെരഞ്ഞെടുക്കുന്നത്. വിശ്വാസികളുടെ ആവശ്യമനുസരിച്ച് മരിച്ചയാളുടെ പ്രദേശത്തുനിന്നുള്ള പുരോഹിതന്‍ അവരുടെ ശവമാടം തുറന്നു പരിശോധിക്കാന്‍ അനുവാദിക്കുകയും അവരെക്കുറിച്ച് വിശദമായ പഠനങ്ങളും സാക്ഷ്യങ്ങളും ശേഖരിക്കുകയും ചെയ്യുന്നു. പ്രാദേശികബിഷപ്പുമാര്‍ ഇതിന്റെ മേല്‍ അവരെ ദൈവസേവകനായി നിര്‍ദേശിക്കുന്നു. അടുത്തിടങ്ങളില്‍നടന്നതായി പ്രചരിക്കുന്ന അസാധാരണകഥകളില്‍നിന്ന് മൃതദേഹം ദൈവികമാണെന്ന് സാക്ഷ്യപ്പെടുന്നു. വ്യക്തിയുടെ ജീവിതത്തിലെ ഗുണങ്ങളും സഹനങ്ങളും എല്ലാം കൂടി പരിഗണിച്ച് അയാളെ ഉയര്‍ന്നപദവികളിലേക്ക് നിര്‍ദ്ദേശിക്കുന്നു. വാഴ്ത്തപ്പെടുന്നു. വാഴ്ത്തപ്പെട്ടവര്‍ വഴി എന്തെങ്കിലും അദ്ഭുതങ്ങള്‍ നടന്ന സാക്ഷ്യമുണ്ടായാല്‍ അവരെ നാമകരണച്ചടങ്ങുകള്‍ക്കു ശേഷം വിശുദ്ധയായി പ്രഖ്യാപിക്കുന്നു. സധാരണയായി അദ്ഭുതരോഗശാന്തികളാണ് ഇത്തരം തെളിവുകാളായി എടുക്കുന്നത് - അതാണ് എളുപ്പവഴി- അത് സ്ഥിരീകരിക്കാന്‍ ചിലരെ നിയോഗിച്ച് രോഗം വൈദ്യശാസ്ത്രത്തിന്റെ ശുശ്രൂഷകള്‍ക്കപ്പുറമാണെന്ന് സമ്മതിച്ചാല്‍ മതി. എല്ലാത്തിനുമുപരി, പോപ്പിന്റെ അഭിപ്രായമാണ് അന്തിമം കത്തോലിക് വിശ്വാസമനുസരിച്ച്. ഇതാണ് നാമകരണത്തിന്റെ രീതി.
ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്ന ഒറ്റ വിശ്വാസത്തില്‍ നിലനില്‍ക്കുന്ന മതമാണ് ക്രിസ്തുമതം. ലോകത്തിന്റെ ഭൌതിക-ധാര്‍മികജീവിതം പാടേ മറിച്ച മതം നില്‍ക്കുന്നത് അദ്ഭുതം(miracle) എന്ന ഒറ്റ വിശ്വാസത്തിലാണ്! മദര്‍ തെരേസയെക്കാള്‍ അല്‍ഫോണ്‍സാമ്മ ഉയര്‍ന്നതായി കരുതപ്പെടുന്നത് മദര്‍ തെരേസ കാട്ടിയ അദ്ഭുതത്തെക്കാള്‍ വലുതാണ് അല്‍ഫോണ്‍സാമ്മ കാട്ടിയതെന്ന വിശ്വാസത്തിന്‍മേലാണ്. ഒരു വന്‍ ജനതയെ തെറ്റിദ്ധരിപ്പിച്ച് വരുതിയിലാക്കുന്ന മതനെതാക്കന്മാര്‍ തങ്ങളുടെ ഹിപ്നോട്ടിക് വലയില്‍ ലോകക്രിസ്ത്യാനിയെ നിര്‍ത്തുവാനുള്ള ഒരു തന്ത്രം പ്രയോഗിക്കുകയാണ് അല്‍ഫോണ്‍സാമ്മയെ ‘ഇന്നാ പിടിച്ചോ’ എന്ന് നിര്‍ദ്ദേശിക്കുമ്പോള്‍.