Thursday, November 20, 2008

ട്വന്റി20


ജോഷിയുടെ ട്വന്റി-20 കേരളത്തിലെ തിയറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. മലയാളത്തിലെ ഒന്നാംകിടതാരങ്ങള്‍ ഒന്നിച്ച് ആദ്യമായി അവതരിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ആകര്‍ഷണം. കച്ചവടരീതിയില്‍, വേണ്ട ചേരുവകളുള്ള, കൊള്ളാവുന്ന ഒരു സിനിമ തന്നെ ട്വന്റി-20. അതുകൊണ്ടുതന്നെ ചിത്രം ഉള്‍ക്കൊള്ളുന്ന പ്രത്യയശാസ്ത്രവും അജണ്ടയും എന്തെന്നന്വേഷിക്കുക പ്രസക്തമാണ്.


ബാംഗ്ലൂര്‍മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥി കാര്‍തിക് വര്‍മ(ദിലീപ്)യെ കൊല ചെയ്ത കേസില്‍ പ്രതിയാണ് അരുണ്‍ കുമാര്‍(ഇന്ദ്രജിത്).സംഭവത്തിന്റെ പ്രധാനസാക്ഷി വിനോദ് ഭാസ്കറെ(ജയറാം) കസ്റ്റഡിയില്‍വച്ച് അരുണിന്റെ വീട്ടുകാര്‍ സമര്‍ഥനായ വക്കീല്‍ രമേഷ് നമ്പ്യാരെ(മമ്മൂട്ടി)ക്കൊണ്ട് കേസ് ജയിക്കുന്നു. ദിവസങ്ങള്‍ക്കകം, കൂട്ടുകാര്‍ക്കൊപ്പം നൈറ്റ് പാര്‍ട്ടിക്കു പോയ അരുണ്‍ വധഭീഷണിപ്രകാരം കൊല്ലപ്പെടുന്നു. കാര്‍ത്തിക് വധക്കേസ് അന്വേഷിച്ച ആന്റണി പുന്നക്കാടന്‍(സുരേഷ് ഗോപി) പ്രതിയെ കയ്യോടെ പിടിക്കുന്നു. പിടിക്കപ്പെട്ട ദേവനെ(മോഹന്‍ലാല്‍) നിരപരാധിയായി തെറ്റിദ്ധരിച്ച രമേഷ് അയാളെ കുറ്റവിമുക്തനാക്കുന്നു. അരുണിന്റെ സഹപാഠികളും കുടുംബക്കാരുമായ മഹീന്ദ്രനും(മനോജ് കെ. ജയന്‍) ഗണേശിനും(ഷമ്മി തിലകന്‍) ഭീഷണിക്കത്തു കിട്ടുന്നു. ദേവന്‍ ഏന്ന ദേവരാജപ്രതാപവര്‍മയെ അന്വേഷിക്കാ‍ന്‍ നിയുക്തനാകുന്ന ആന്റണി പുന്നക്കാടന്‍ വക്കീല്‍ രമേഷിന്റെ സഹായത്തോടെ ദേവനെ പിടിക്കുന്നു.

കഥയുടെ വഴിത്തിരിവില്‍ , കാര്‍ത്തിക് വധക്കേസിലെ പ്രധാനസാക്ഷി, ഒളിവില്‍ പാര്‍പ്പിക്കപ്പെട്ട വിനോദ് ഭാസ്കര്‍ മോചിതനാവുന്നു. കഥയുടെ ചുരുളഴിയുന്നു; ബാംഗ്ലൂര്‍ മെഡി.കോളേജിലെ ലക്ചറായ വിനോദും ദേവനും കളിക്കൂട്ടുകാരായിരുന്നു. ദേവന്‍ തന്റെ അലസനായ അനുജനെ വിനോദിന്റെ കോളേജിലേക്കയക്കുന്നു. അതേ കോളേജില്‍ പഠിക്കുന്ന അശ്വതി നമ്പ്യാ(ഭാവന)രുമായി കാര്‍തിക് പ്രണയത്തിലാകുന്നു. ഒരു കോളേജ് യുവതിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കൊലപാതകമാണെന്ന് മൊഴി കൊടുത്ത അശ്വതിയെ സംഭവത്തില്‍ പ്രതികളായ അരുണും സംഘവും ചേര്‍ന്ന് മാനഭംഗപ്പെടുത്തുന്നു. തുടര്‍ന്നുണ്ടായ സംഘട്ടനത്തിലാണ് കാര്‍ത്തിക് കൊല്ലപ്പെടുന്നത്. മാനഭംഗത്തിനിരയായ അശ്വതി തന്റെ അനുജത്തിയാണെന്നറിയുന്ന രമേഷ് അരുണിന്റെ തറവാട്ടിലേക്ക് ഭീഷണിക്കത്തയയ്ക്കുകയും വിവരമറിഞ്ഞ് കൊലയൊഴിവാക്കാന്‍ അന്റണി പുന്നക്കാടന്‍ ഗണേശിനെയും മഹീന്ദ്രനെയും അറസ്റ്റ് ചെയ്യാന്‍ അവിടെയെത്തുകയും ചെയ്യുന്നു. തറവാട്ടില്‍നിന്ന് മഹീന്ദ്രനെയും ഗണേശിനെയും മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദേശിച്ച രമേഷ് കൊലയ്ക്കു വഴിയൊരുക്കുന്നു. ദേവനുമായി ബന്ധമുള്ള സി.ഐ.ജയചന്ദ്രന്റെ സഹായത്താല്‍ വിചാരണയ്ക്കെത്തിയ ദേവനെ രമേഷ് രക്ഷപ്പെടുത്തുകയും ഗണേശിനെയും മഹീന്ദ്രനെയും കൂട്ടി രഹസ്യസങ്കേതത്തിലെത്തുകയും ചെയ്യുന്നു. ദേവന്‍ വിനോദിന്റെ കാറില്‍ അവിടെ എത്തിച്ചേരുന്നു. സംഭവമറിഞ്ഞ് അരുണിന്റെ അമ്മാവന്‍ മാധവന്‍ ഗുണ്ടാസംഘവുമായി എത്തുന്നു. ആന്റണി പുന്നക്കാടന്‍ എത്തുമ്പോഴേക്ക് രണ്ടുപേരും ദേവന്റെയും രമേഷിന്റെയും കയ്യാല്‍ കൊല്ലപെട്ടിരുന്നു. ദേവനെ പിന്നില്‍നിന്നും കൊല്ലാന്‍ ശ്രമിക്കുന്ന മാധവനെ ആന്റണി പുന്നക്കാടന്‍ വെടിവച്ചു വീഴ്ത്തുന്നു. പാതകത്തിനുമേല്‍ നിയമത്തിന്റെ കുരുക്കുകളെ സമര്‍ഥമായി നീക്കംചെയ്ത രമേഷിനെ ആന്റണി അഭിനന്ദിക്കുന്നു. മൂന്നുപേരും കൈകോര്‍ത്ത് മുന്നോട്ടുനീങ്ങുന്നിടത്ത്, ലാല്‍-മമ്മൂട്ടി ക്ലോസപ്പില്‍ സിനിമ അവസാനിക്കുന്നു - ഇതാണ് ചിത്രത്തിന്റെ ഇതിവൃത്തം.


തന്റെ മുഖം ക്രിക്കറ്റ് താരങ്ങളുടെ ചിത്രത്തിനുമേല്‍ പതിച്ച് സംതൃപ്തിയടയുന്ന മടിയനായ കാര്‍ത്തിക് വര്‍മ വഴിയാണ് ‘ട്വന്റി-20’ എന്ന പേരുമായി സിനിമയ്ക്കു ബന്ധമുള്ളത്. ക്രിക്കറ്റിലെപ്പോലെ താരങ്ങളുടെ ആഘോഷമായി മാറുന്ന സിനിമ ‘ട്വന്റി-20 സെലിബ്രേറ്റ്..’ എന്ന പേരില്‍ ഇറങ്ങുന്നത് കച്ചവടതന്ത്രമാണ്. മാത്രമാണോ? -അതിനപ്പുറം സിനിമ ഉള്‍‍ക്കൊള്ളുന്ന പ്രത്യയശാസ്ത്രം സൂക്ഷ്മമായി ഈ പേരില്‍ ഉള്‍ക്കൊള്ളുന്നില്ലേ? വൈകാരികതയുടെ നിയമമായ ‘പകരത്തിനു പകരം’ എന്ന ധ്വനി ‘ട്വന്റി-20’ എന്ന പേര് ഓര്‍മിപ്പിക്കുന്നു. എന്റെ 20, നിന്റെ 20--സമം സമം എന്ന തിയറി. അതു സമര്‍ഥിക്കാന്‍ പര്യാപ്തമായ സങ്കീര്‍ണത നിര്‍മിക്കുന്നതില്‍ സിനിമ വിജയിക്കുകയും ചെയ്യുന്നു. ഭരണത്തെയും നിയമത്തെയും അതിന്റെ പാലനത്തെയും വിമര്‍ശിച്ച് കയ്യടി നേടുകയും പൌരനെ ആയുധമെടുക്കാന്‍ ഗൂഢമായി പ്രേരിപ്പിക്കുകയും ചെയ്യുന്ന രീതി സിനിമയില്‍ ഉള്ളതുതന്നെയാണ്. വിമര്‍ശനം കച്ചവടതന്ത്രമാണെന്നതാണ്. ഈ രീതി ജനാധിപത്യത്തിന്റെതാണോ എന്ന് സംശയിക്കണം.

ചലച്ചിത്രരംഗത്തെ ഗൂഢാജണ്ടകള്‍ പ്രതിഫലിപ്പിക്കുന്ന ഒരു ചിത്രമാണ് ട്വന്റി-20. ഈ സിനിമ ഒരു സിനിമയായിരിക്കെത്തന്നെ അതികഥാസങ്കേതം ഉള്‍ക്കൊള്ളുന്നുണ്ട്- താരയുദ്ധമാണ് ആ അതികഥനം. താരമൂല്യങ്ങളെ സന്തുലനപ്പെടുത്തിക്കൊണ്ടുള്ളതാണ് തിരക്കഥ. കഥാഗതിക്കൊത്ത് പ്രേക്ഷകനുള്ളിലും താരങ്ങളുടെ മൂല്യനിര്‍ണയവേദി ഒരുങ്ങും. മമ്മുട്ടിയും ലാലും മുഖത്തൊടു മുഖം നില്‍ക്കുന്ന ഇടവേളഷോട്ടും തോളോടുതോള്‍ ചേര്‍ന്നുനീങ്ങുന്ന ഒടുവിലെ ഷോട്ടും ഇരുവരും ചേര്‍‍ന്നുള്ള അടിപിടിസീനും നന്നായിരിക്കുന്നു.

താരനായകന്മാരെ നിരത്തിനിര്‍ത്തുന്ന സിനിമയില്‍ ഒടുവില്‍ നമുക്കു കിട്ടിയ താരനായകന്റെ അഭാവം ദുരൂഹമായി നില്‍ക്കുന്നു. മുന്‍‌നിരയില്‍നിന്ന് പൃഥ്വിരാജ് എന്ന താരത്തെ പുറംതള്ളാനുള്ള സംഘടിത‌അജണ്ടയുടെ ഭാഗമാണ് ഈ സിനിമ. സംശയമില്ലാത്തതാണ്. കേവലം ഒരു പാട്ടുസീനില്‍ മാത്രം മുഖംകാണിക്കുന്ന പൃഥ്വിരാജിന് മൂന്നാംകിട കഥാപാത്രമായിപ്പോലും സ്ഥാനമില്ല സിനിമയില്‍.

താരങ്ങളുടെ മാനറിസത്തെ പ്രയോജനപ്പെടുത്തി ഇഷ്ടക്കാരെ പ്രീതിപ്പെടുത്തുകയെന്ന തന്ത്രത്തോടെയാണ് കഥയുടെയും പാത്രങ്ങളുടെയും സംവിധാനം.എങ്കിലും സംഘര്‍ഷം നിര്‍മ്മിക്കുന്നിടത്തോളം പാത്രസൃഷ്ടിയില്‍ വിജയിക്കുന്നില്ല ട്വന്റി-20. വ്യക്തിത്വമുള്ള കഥാപാ‍ത്രങ്ങള്‍ ഒന്നുംതന്നെ സിനിമയില്‍ ജീവിക്കുന്നില്ല. മുന്‍‌നിരപാത്രങ്ങളെ മാറ്റിനിര്‍ത്തിയാല്‍ ആള്‍ക്കൂട്ടമുണ്ടാക്കാനും ചില കാര്യങ്ങള്‍ സാധിക്കാനും മാത്രമാണ് രണ്ടാംകിട-മൂന്നാംകിടപാത്രങ്ങള്‍ ഉപകരിക്കുന്നത്. സാധാരണപാത്രങ്ങള്‍ പോലും താരമൂല്യമുള്ളവരായതിനാല്‍ ഈ കാര്യം പെട്ടെന്ന് അറിയാന്‍ കഴിയും. കഥയുടെ ആദ്യം പ്രത്യക്ഷപ്പെടുന്ന മോഷണസംഘവും(ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, ബിജുക്കുട്ടന്‍, കല്പന..) ദേവന്റെ രഹസ്യം അന്വേഷിക്കാന്‍ നിയുക്തനാകുന്ന സീനിയര്‍ പോലീസ് -കപീഷ് എന്നറിയപ്പെറ്റുന്ന ഇന്ദുചൂഡനും(സലിം കുമാര്‍) ദേവനെ രക്ഷപ്പെടുത്തുന്ന പോലീസ് കോണ്‍സ്റ്റബ്‌ള്‍ കുഞ്ഞപ്പനും(ശ്രീനിവാസന്‍) ഒക്കെ തുടര്‍ച്ചയില്ലാത്ത കഥാപാത്രങ്ങളാണ്. പറയാവുന്ന സ്ത്രീകഥാപാത്രങ്ങള്‍ ഒന്നുമില്ല സിനിമയില്‍ . താരപ്പൊലിമ മാറ്റുകൂട്ടുമ്പോള്‍ത്തന്നെ ഭാരവുമാകുന്നു ഈ സിനിമയ്ക്ക്.

ഗിരീഷ് പുത്തഞ്ചേരി എഴുതി സുരേഷ് പീറ്ററും ബേണി ഇഗ്നേഷ്യസും സംവിധാനം ചെയ്ത രണ്ടേരണ്ടു ഗാനങ്ങള്‍ സദസ്സില്‍ ഒരു ചലനവുമുണ്ടാക്കുന്നില്ല. നയന്‍താരയുടെ ഗ്ലാമര്‍ ഉപയോഗപ്പെടുത്തുന്ന ഐറ്റം ഡാന്‍സ് സോങ്ങാണ് ഇവയിലൊന്ന്.

എവിടെയൊക്കെയോ മുഴച്ചുനില്‍ക്കുന്നു സിനിമയിലെ യുക്തി. ലാലിന്റെ ദേവന്‍ എന്ന കഥാപാത്രം ഇന്ദുചൂഡനെയും നീലകണ്ഠനെയും പോലെ ഫ്യൂഡല്‍ -ക്യാപിറ്റല്‍ നിര്‍മ്മിതിയാണ്. അരുണിനെ അര്‍ധരാ‍ത്രിയില്‍ കൊല്ലുന്നതും മുന്‍കൂട്ടിക്കണ്ടതുപോലെ ആന്റണിയുടെ കാര്‍ കടന്നുവരുന്നതും കൈ നീട്ടുന്നതും തടവിലായ ദേവനെ രക്ഷിക്കാന്‍ ശട്ടംകെട്ടിയ രണ്ടു സ്ത്രീകള്‍ ആള്‍മാറാട്ടംനടത്തി രമേശിനെ തെറ്റിദ്ധരിപ്പിക്കുന്നതും ഒന്നും യുക്തിക്ക് ഒത്തുപോകുന്നില്ല. അത്രയൊക്കെയേ വേണ്ടൂ സിനിമയ്ക്ക് യുക്തി എന്ന് അറിയായ്കയില്ല...

സംവി:ജോഷി
നിര്‍മാണം: ദിലീപ്
തിരക്കഥ: ഉദയകൃഷ്ണ, സിബി കെ. തോമസ്
ഛായ: പി. സുകുമാര്‍


വിക്കി ലേഖനം: http://en.wikipedia.org/wiki/Twenty:20

0 Comments: