Sunday, March 1, 2009

ഏഴാംലോകം: സ്വപ്നവും യാഥാര്‍ഥ്യവും

ആയിരത്തൊന്നു രാവുകളില്‍ കറുപ്പുതീറ്റക്കാരുടെ ചില രാവുപകലുകളുണ്ട്. കറുപ്പുതീറ്റക്കാരന് കൊട്ടാരങ്ങളുണ്ട്; കറുപ്പുതീറ്റക്കാരന് ഹൂറികളെ പ്രാപിക്കാം. കറുപ്പ് പുതിയ ലോകങ്ങളുടെ വിത്താണ്. ഏഴാംലോകം എന്ന് അതിനെ വിളിക്കുക. അവിടെ ചിലപ്പോള്‍ ‘കാന്താരസ്ഥലിപോലുമിന്നിവനു ഹാ! സ്വര്‍ലോക’മെന്ന് സൌന്ദര്യവും ‘പോക വേദാന്തമേ‘ എന്ന് വിപ്ലവവും ‘ചാരായക്കടയാണ് ലോകം’ എന്ന് ദര്‍ശനവും ഒക്കെ ഉണ്ടാവുന്നു എന്നതാണ് കാര്യം.

ക്രിസ്പിന്‍ ജോസഫിന്റെ ‘ഷറപോവ’ ഈ കറുപ്പന്‍ ലോകത്തിന്റെ വിത്താണ്.

തലക്കെട്ടു വച്ചുനോക്കിയാല്‍ 33 കവിതകളാണ് ഈ പുസ്തകത്തിലുള്ളത്. എന്നാല്‍ തുടര്‍ച്ചയില്ലാത്ത ചില ബിംബശകലങ്ങളാണ് മിക്ക തലക്കെട്ടുകള്‍ക്കും കീഴെ നിരക്കുന്നത്. പുതുമയുള്ളതും പഴയ ചിലവയെ ഓര്‍മിപ്പിക്കുന്നതുമായ നിരവധി ഇമേജുകളുടെ കൊളാഷ്. കവിതയെങ്കില്‍ ബിംബനിര്‍മാണമാണെന്നു കവി ധരിച്ചപോലെ തോന്നും ചിലപ്പൊഴെങ്കിലും. എന്നാല്‍ ബിംബമാത്രത്തിലപ്പുറം നല്ല കവിത നിര്‍മിക്കുന്നുണ്ട് ചില വരികള്‍.

രതിയും ലൈംഗികതയുംകുറിക്കുന്ന ശകലങ്ങള്‍ ‘ഷറപോവ’യില്‍ ഏറെയുണ്ട്. ഇമേജുകള്‍ക്കിടയിലെ ഈ നട്ടംതിരിയലിനെ ഹാരിസ് സാര്‍(വി.സി ഹാരിസ് :അവതാരിക) സര്‍റിയലിസം എന്നു വിളിക്കുന്നു.

ആവര്‍ത്തിക്കപ്പെടുന്ന ആശയങ്ങളും വാചകഘടനകളും ‘ഷറപോവ’യിലെ ബിംബങ്ങളുടെ ഭാവനാസുഖം പാടേ നശിപ്പിക്കുന്നുണ്ട്.

രണ്ടുവര്‍ഷം മുമ്പ് ‘ലാ(ര്‍)വ’ ഇറങ്ങിയപ്പോള്‍ ക്രിസ്പിന്റെ കവിതകളിലുണ്ടായിരുന്ന അനുഭവങ്ങളുടെ ‘സമാധികോര്‍ജം’ ‘ഷറപോവ’യില്‍ കാണുന്നില്ല എന്നതാണ് സങ്കടം.

‘ലാവ ഇല്ലായിരുന്നതിനാല്‍
എന്റെ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചത്
പത്രാധിപര്‍ അംഗീകരിച്ചില്ല’

എന്നതുപോലെ പൊട്ടിത്തെറികളോ അനുഭവകോടികളോ ‘ഷറപോവ’യിലില്ല. കവിതയ്ക്കപ്പുറത്തേക്ക് ഒന്നിലേക്കും ചൂണ്ടാനില്ല എന്നതാണ് ‘ഷറപോവ’യുടെ പ്രത്യേകത.

-എന്ന് തീര്‍ത്ത് പറയാനാവില്ല; വായനയില്‍ നമ്മെ എവിടെയൊക്കെയോ അസ്വസ്ഥമാക്കുന്ന ഒരു കവിതയാണ് ‘നഗരം’.

ഫേബിയന്‍ ബുക്സാണ് ‘ഷറപോവ’ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കാവ്യാസ്വാദകര്‍ക്ക് എന്തുകൊണ്ടും ഇഷ്ടപ്പെടുന്ന ഈ ഏഴാം ലോകത്തെ സ്വാപ്നികയാഥാര്‍ഥ്യങ്ങള്‍ വായിക്കുക. അഭിപ്രായം പങ്കുവെക്കുക.

ക്രിസ്പിന്റെ ചില കവിതകള്‍ ഇവിടെ-

http://marijuvana.blogspot.com/